തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്സ്. ഡി സി ബുക്സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം പ്രസാധനം നീട്ടിവെച്ചതായും ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് വിശദീകരിച്ചു.

ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദം ഇ പി ജയരാജന് പുസ്തകത്തില്‍ ഉയര്ത്തിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ അടിവരയിടുന്നത്. സംസ്ഥാനം ഉപതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിമര്‍ശനങ്ങളാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.