കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണ്ണായകം. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് അതൃപ്തിയുണ്ട്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹം ജീവനൊടുക്കിയത്. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നാണ് എഡിഎമിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. ജാമ്യം ലഭിച്ചാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ 29-ലേയ്ക്ക് മാറ്റിയത്. ഇന്ന് 11 മണിക്കാണ് വിധി പറയുക. ദിവ്യ ഉത്തരവാദിത്തം ഏറെയുളള പൊതു പ്രവര്‍ത്തകയെന്നാണ് പ്രതിഭാഗം അന്ന് വാദം ഉന്നയിച്ചത്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തമാണെന്ന് ദിവ്യയുടെ അഭിഭാഷകന് പറഞ്ഞു.
എഡിഎമിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനം രാജിവെച്ചു. പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങള്‍ പരാതി പറയാറുണ്ട്. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
എന്നാല്‍ പ്രോസിക്യൂഷന് ദിവ്യയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണ്. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും പ്രോസിക്യൂഷന് പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.