പത്തനംതിട്ട: അമ്മു സജീവിന്റെ മരണത്തില്‍ കോളേജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്പെന്ഷന്. അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെന്‍ഡ് ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. പ്രിന്‍സിപ്പല്‍ എന്‍ അബ്ദുല്‍ സലാമിനെയും സൈക്കാട്രി അധ്യാപകന് സജിയെയുമാണ് സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.
അമ്മുവിന്റെ അധ്യാപകനായ സജിയെ ചോദ്യം ചെയ്യണമെന്ന് അമ്മുവിന്റെ അച്ഛന് പരാതി നല്‍കിയിരുന്നു. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൗണ്‍സിലിങ് എന്ന പേരില്‍ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അതിന് ശേഷമാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.