ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ 6, രാമക്ഷേത്രം പുനര്‍ജനിച്ച ഡിസംബര്‍ 6. പള്ളിയുടെ ആത്മാവിനെ ക്ഷേത്രത്തിന്റെ ചവിട്ടുപടികളാക്കാന്‍ വാശിപിടിച്ച നമ്മുടെ പ്രധാനമന്ത്രി. ആമോദവും ആവേശവും സമം ചേര്‍ന്ന അന്തരീക്ഷത്തില്‍ രാമക്ഷേത്രത്തിലെ രാംലല്ല ഭക്തര്‍ക്കായി കണ്തുറന്നപ്പോള് അസ്തമിച്ചത് ഒരു വിഭാഗത്തിന്റെ വിശ്വാസമാണ്.
അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹം പ്രതിഷ്ടിച്ചു. ഇതോടെ മൂന്നു പതിറ്റാണ്ടുകാലത്തെ ബി ജെ പി, സംഘ് പരിവാര്‍ ശക്തികളുടെ ഏറ്റവും പ്രധാനമായൊരു രാഷ്ട്രീയ-വര്‍ഗീയ അജണ്ടയാണ് നടപ്പിലായത്.
മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ 1528 ല്‍ പണികഴിപ്പിച്ചതാണ് അയോധ്യയിലെ ബാബറി മസ്ജിദ് എന്നാണ് ചരിത്രങ്ങള്‍ പറയുന്നത്. ബാബറിന്റെ കാലത്തായിരുന്നതിനാലാണ് പള്ളിക്ക് ആ പേര് വന്നതെന്നാണ് പറയപ്പെടുന്നത്.
നവാബ് വാജിദ് അലി ഷാ അവധ് ഭരിക്കുന്ന 1853ലാണ് ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന അവകാശവാദം ഉയര്‍ന്നുവരുന്നത്. നിര്‍മോഹി എന്ന ഹിന്ദുവിഭാഗമായിരുന്നു ആരോപണത്തിന് പിന്നില്‍. എ.ഡി 12ാം നൂറ്റാണ്ടില്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നാണവര്‍ അവകാശപ്പെട്ടത്. പിന്നീട് പള്ളിനിര്‍മ്മാണത്തിനായി ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്നും ഈ വിഭാഗം വാദമുന്നയിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് 1853 ല്‍ അയോധ്യയില്‍ കലാപമുണ്ടായി. ഇതോടെ 1859 ല്‍ ബ്രീട്ടീഷ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നത്തില്‍ മധ്യസ്ഥതയുണ്ടാക്കി. മുസ്ലിങ്ങള്‍ക്ക് അകത്തുകടന്ന് ആരാധന നടത്താമെന്നും ഹിന്ദുക്കള്‍ക്ക് പുറത്ത് പ്രാര്‍ത്ഥിക്കാമെന്നുമായിരുന്നു വ്യവസ്ഥ. അയോധ്യ വിഷയത്തില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കൊളോണിയല്‍ ഭരണകൂടം സ്വീകരിച്ചത്.
1885 ല്‍ മഹന്ത് രഘുബര്‍ ദാസ് എന്നയാളാണ് വിഷയത്തില്‍ ആദ്യ കേസ് ഫയല്‍ ചെയ്യുന്നത്. ക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നും പൂജയ്ക്ക് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഫൈസാബാദ് കോടതി രഘുബര്‍ദാസിന്റെ ഹര്‍ജി തള്ളുകയാണുണ്ടായത്. പിന്നീട് 1949 ല്‍ തര്‍ക്കം രൂക്ഷമായി. ഒരു വിഭാഗം ഹിന്ദുക്കള്‍ പള്ളിക്കകത്ത് രാമവിഗ്രഹം കൊണ്ടുവെച്ചു. 1949 ഡിസംബര്‍ 22 ന് രാത്രിയിലാണ് ബാബറി മസ്ജിദില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിക്കപ്പെട്ടത്. അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റിന് ഇതേക്കുറിച്ച് അറിയാമായിരുന്നു. ഇതറിഞ്ഞ് വിഗ്രഹം മാറ്റാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു നിര്‍ദേശിക്കുകയായിരുന്നു.
വിവാദതര്ക്കങ്ങള് അശ്രാന്തം തുടരുന്നുണ്ടായിരുന്നു. 2014 ല്‍ മോദി അധികാരത്തിലേറിയതോടെയാണ് വിഷയം വീണ്ടും ശക്തമായ ചര്‍ച്ചയാകുന്നത്. 2015 ല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി അയോധ്യയിലേക്ക് കല്ലുകള്‍ എത്തിക്കാന്‍ തുടങ്ങി. 2017 ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി. ഇതോടെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി മുറവിളികള്‍ സജീവമായി.
അതിനിടെ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് അദ്വാനിക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതില്‍ കുറ്റകരമായ ഗൂഢാലോചനയ്ക്ക് ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന് 2017 ഏപ്രില്‍ 20 ന് സുപ്രീം കോടതി വിധിച്ചു. അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെയെത്തി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാണ് കോടതി പരിഗണിച്ചത്.
പ്രശ്നം മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാന്‍ കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എഫ് എം ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു എന്നിവരെയാണ് മീഡിയേറ്റര്‍മാരായി നിയോഗിച്ചത്. ഒടുവില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മ്മാണത്തിനായി രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാന്‍ കോടതി വിധിച്ചു. പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കാനും ഉത്തവരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധിയായിരുന്നു അത്.
സ്വര്‍ണാഭരണ വിഭൂഷിതമായ രാംലല്ല വിഗ്രഹം ഇന്നവിടെ തലയെടുപ്പോടെ ഇരിക്കുമ്പോള്‍ ഡിസംബര്‍ 6 ഒരു ജനതയെ കൂടുതല്‍ നൊമ്പരപ്പെടുത്തുകയാണ്.