ന്യൂഡൽഹി: ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കാനുള്ള ചണ്ഡീഗഡ് സർക്കാർ തീരുമാനത്തിനെതിരെ പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം.ക്രൈസ്തവ വിരുദ്ധ നീക്കത്തില്‍ നിന്നും ബി.ജെ.പി സർക്കാർ പിൻമാറണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ സമുദായത്തോടുള്ള ബി.ജെ.പിയുടെ മനോഭാവം ഒരിക്കല്‍ കൂടി പുറത്തുവന്നുവെന്ന് പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യനികള്‍ ഭയന്നാണ് ജീവിക്കുന്നത്. ക്രിസ്ത്യാനികള്‍ സമാധാനപരമായി ജീവിക്കാനും സഹവർത്തിക്കാനും അവർ ആഗ്രഹിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു കവാടത്തിന് മുമ്ബില്‍ എം.പിമാർ പ്രതിഷേധിച്ചത്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി ലോക്സഭ സ്പീക്കർക്ക് അടിയന്തിര പ്രമേയ നോട്ടീസ് നല്കി.