എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് പ്രഖ്യാപനം. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയുമാണ് മത്സരരംഗത്ത് മുന്നിലുള്ളത്.
‘നൻ പകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും മമ്മൂട്ടിയുടെ സ്വന്തം നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത് എന്നതാണ് ശ്രദ്ധേയം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ‘നൻ പകൽ നേരത്ത് മയക്കത്തിലെ’ മമ്മൂട്ടിയുടെ ഇരട്ട വേഷപ്പകർച്ച ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

റോഷാക്കിലെ ലൂക്ക് ആന്റണി എന്ന വേഷവും തിയേറ്ററുകളിൽ കയ്യടി നേടി. മമ്മൂട്ടിക്ക് മൂന്നു തവണ ദേശിയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.’കാന്താര’ എന്ന ചിത്രത്തിലെ പ്രകടനമാണ് കന്നഡ നടൻ റിഷഭ് ഷെട്ടിയെ മത്സരരംഗത്ത് സജീവമാക്കുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്തതും അദ്ദേഹംതന്നെയാണ്. കേരളത്തിലും ചിത്രം വലിയ വിജയമായിരുന്നു.സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതിയും ‘കാന്താര’ നേടിയിരുന്നു. പുരസ്കാരങ്ങൾ ഒക്ടോബറിലായിരിക്കും വിതരണം ചെയ്യുകയെന്നാണ് റിപ്പോർട്ട്.
അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റിൽ വച്ച് നടക്കുന്ന പത്രസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. 160 ചിത്രങ്ങൾ ആയിരുന്നു ഇത്തവണ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്.