ദില്ലി: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് തടസ്സം ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. 476 ഹെക്ടർ ഭൂമിയാണ് റെയിൽവേയുടെ വികസനത്തിന് ആവശ്യം. എന്നാൽ 14 ശതമാനം ഭൂമി മാത്രമാണ് ലഭിച്ചിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 2111.83 കോടി രൂപ കേരളത്തിന് കൈമാറിയിട്ടുണ്ട്. അങ്കമാലി – ശബരി പാതക്ക് 391.6 ഹെക്ടർ, കുമ്പളം – തുറവൂർ 4.6 ഹെക്ടർ, തിരുവനന്തപുരം – കന്യാകുമാരി 7.8 ഹെക്ടർ, എറണാകുളം – കുമ്പളം 2.61 ഹെക്ടർ, ഷൊർണൂർ- വള്ളത്തോൾ നഗർ 4.77 ഹെക്ടർ എന്നിങ്ങനെയാണ് ഭൂമി വേണ്ടത്. 2024-25 ൽ റെയിൽവേ വികസനത്തിനായി 3011 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലങ്കോട്- തൃശ്ശൂർ പാതക്കായി പഠനം നടത്തിയെങ്കിലും ഗതാഗതം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.