ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ബിജെപിക്ക് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് ഫലങ്ങള്‍ പറയുന്നത്. മട്രിസേ ഫലങ്ങള്‍ പറയുന്നത് എഎപി 32 മുതല്‍ 37 സീറ്റുകള്‍ നേടുമെന്നാണ്. അതേസമയം ബിജെപി 34 മുതല്‍ നാല്പത് വരെയും കോണ്‍ഗ്രസ് രണ്ട് സീറ്റും നേടാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ പ്രവചനം. എന്നാൽ, ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി 44 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. എഎപി 25 മുതല്‍ 28 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റ് വരെ നേടാനാണ് സാധ്യതയെന്ന് ചാണക്യ പ്രവചിക്കുന്നു.
ജെവിസിയുടെ പ്രവചനം ബിജെപി 39- 45 സീറ്റുകള്‍ നേടുമെന്നാണ്. എഎപി 22 മുതല്‍ 31 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങുമെന്നാണ് ജെവിസി പ്രവചനം. പീപ്പിള്‍ ഇന്‍സൈറ്റ് എഎപിക്ക് നാല്പത് മുതല്‍ 44 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപി 29 സീറ്റുകള്‍ നേടുമെന്ന പ്രവചനത്തില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങാനാണ് സാധ്യതയെന്ന് പ്രവചിക്കുന്നു. പീപ്പിള്‍സ് പ്ലസിന്റെ പ്രവചനത്തില്‍ ബിജെപി അറുപത് സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും എഎപി പത്ത് മുതല്‍ 19 സീറ്റുകളില്‍ ഒതുങ്ങുമെന്നുമാണ് പ്രവചനം. ചാണക്യ ബിജെപിയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി നാല്പ്പത്തിനാല് സീറ്റുവരെ നേടുമ്പോള്‍ എഎപി 28 സീറ്റും കോണ്‍ഗ്രസ് മൂന്ന് സീറ്റ് വരെ നേടുമെന്നുമാണ് പ്രവചനം.