ന്യൂഡൽഹി : ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ വിമാനം കാനഡയിലേക്ക് വഴിതിരിച്ചു വിട്ടു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം വഴിചിരിച്ച് വിട്ടത്. ഇക്വലൂറ്റ് വിമാനത്താവളത്തിലേക്കാണ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടത്. തുടർന്ന് കാനഡയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി.
ഒക്ടോബർ 15ാം തീയതി എയർ ഇന്ത്യയുടെ എ.ഐ127 വിമാനത്തിന് ഓൺലൈനിലൂടെ ഭീഷണി ലഭിക്കുകയും തുടർന്ന് കാനഡയിൽ അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി യാത്രക്കാരെ വീണ്ടും പരിശോധനക്ക് വിധേയമാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
നേരത്തെ മുംബൈയിൽ നിന്നും യാത്രതിരിച്ച ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. മസ്കറ്റിലേക്കുള്ള 6E 1275 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. യാത്ര തുടരുന്നത് വരെ യാത്രക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നൽകുമെന്നും വിമാനകമ്പനി വ്യക്തമാക്കി.