ഡല്‍ഹി: 2020 ല്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി മന്ത്രി കപില്‍ മിശ്രയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മന്ത്രി കപില്‍ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് കപില്‍ മിശ്ര പ്രദേശത്തുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കപില്‍ മിശ്രയ്ക്ക് പങ്കില്ലെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യമുന വിഹാര്‍ നിവാസിയായ മുഹമ്മദ് ഇല്യാസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ജഡ്ജി.
പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഡല്‍ഹി കലാപം ഉടലെടുത്തത്. 2020 ഫെബ്രുവരിയിലാണ് സംഭവം. ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഘര്‍ഷത്തിനിടെ മൗജ്പുരിയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിടുകയാണ് ഉണ്ടായത്.