കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്. റഷീദ് അന്തരിച്ചു. 57 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും.
ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. രാജസേനന്റെയും റാഫി മെക്കാർട്ടിന്റെയും ചിത്രങ്ങളിൽ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്. 2001ൽ വൺമാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ൽ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉൾപ്പടെ 18 സിനിമകൾ സംവിധാനം ചെയ്തു. കല്യാണരാമനായിരുന്നു സൂപ്പർഹിറ്റുകളിൽ മുന്നിൽ. തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മായാവി തുടങ്ങിയവയും ജനങ്ങൾ ഏറ്റെടുത്തു. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. നർമ്മം രക്തത്തിലൂടെ പകർന്ന് കിട്ടിയ കലാകാരനാണ് ഷാഫി. മലയാളത്തിലെ എണ്ണംപറഞ്ഞ ഹാസ്യസിനിമകളിലൂടെ ജനമനസുകൾ കവർന്ന റാഫി – മെക്കാർട്ടിൻ സംവിധായക ജോഡിയിലെ റാഫി മൂത്ത സഹോദരനാണ്. സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിലെ സിദ്ദിഖ് അടുത്തബന്ധുവും.1968ൽ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം.