15 വർഷം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം ഡിസ്നി സ്റ്റാറിൻ്റെ കൺട്രി മാനേജർ സ്ഥാനവും പ്രസിഡൻ്റ് സ്ഥാനവും കെ.മാധവൻ രാജിവെച്ചു . ജനറൽ എൻ്റർടൈൻമെൻ്റ്, സ്പോർട്സ്, ഡയറക്റ്റ്-ടു-കൺസ്യൂമർ, സ്റ്റുഡിയോ എന്നിവയിലുടനീളമുള്ള ഡിസ്നി, സ്റ്റാർ, ഡിസ്നി + ഹോട്ട്സ്റ്റാർ ബ്രാൻഡുകളുടെ മേൽനോട്ടത്തിലും, കമ്പനിയുടെ വളർച്ചയിലും നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് കെ.മാധവൻ.
ഉദയ് ശങ്കറിൻ്റെ വിടവാങ്ങലിന് ശേഷം 2019 ലാണ് കെ.മാധവൻ മാനേജർ റോൾ ഏറ്റെടുത്തത്. 2000-2008 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൻ്റെ എംഡിയും സിഇഒയുമായി സേവനമനുഷ്ഠിച്ചിരുന്നു. ചാനലിനെ മലയാളത്തിൽ 50 ശതമാനം വിപണി വിഹിതത്തിലേക്ക് നയിച്ചതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല.
ഡിസ്നി സ്റ്റാറിലെ തൻ്റെ റോളിന് പുറമേ, മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (ഐബിഡിഎഫ്), നാഷണൽ കമ്മിറ്റി ഓഫ് മീഡിയ ആൻഡ് എൻ്റർടെയ്ൻമെൻ്റ് ഫോർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) ചെയർമാൻ, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. (BARC) ഇന്ത്യ, യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൻ്റെ ബോർഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ഡിസ്നി സ്റ്റാർ ഒമ്പത് ഭാഷകളിലായി 70-ലധികം ടിവി ചാനലുകളിൽ പ്രതിവർഷം 20,000 മണിക്കൂർ പ്രോഗ്രാമിംഗ് വിതരണം ചെയ്യുകയായിരുന്നു. ഇത് ഓരോ മാസവും ഏകദേശം 700 ദശലക്ഷം കാഴ്ചക്കാരിലേക്കാണ് എത്തിച്ചേർന്നത്.