തിരുവനന്തപുരം: ലോഗിൻ ക്രെഡൻഷ്യലുകളോ പാസ്വേഡുകളോ ബ്രൗസറുകളിലും അപ്ലിക്കേഷനുകളിലും സേവ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പലപ്പോൾ ലോഗിൻ നടപടികളെ എളുപ്പമാക്കുന്നതിനായി ഉപകരണങ്ങൾ പാസ്വേഡുകൾ ഓർമിച്ചുവയ്ക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് സുരക്ഷിതമല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഉപയോക്താവിന്റെ ഫോൺ നഷ്ടപ്പെടുകയോ, ബാങ്കിംഗ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ലാപ്ടോപ്പ് മറ്റൊരാളുടെ കൈകളിൽ അകപ്പെടുകയോ ചെയ്താൽ, അവരാൽ അക്കൗണ്ടിലേക്ക് അനധികൃതമായി പ്രവേശിച്ച് ഇടപാടുകൾ നടത്താനും മറ്റും കഴിയും. അതിനാൽ, ബ്രൗസറുകളിൽ സേവ് പാസ്വേഡുകൾ ഓപ്ഷൻ ഡിസേബിൾ ചെയ്യുക എന്നതാണ് ഏറ്റവും സുരക്ഷിതം.
ഇതുകൂടാതെ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനുള്ളിൽ (GOLDEN HOUR) 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി നൽകണമെന്ന് പൊലീസ് നിർദ്ദേശിക്കുന്നു. വൈകാതെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് സൈബർ പൊലീസ് വ്യക്തമാക്കുന്നു.