സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി(25) ആണ് മരിച്ചത്. ശുചീന്ദ്രത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം.
പത്ത് ലക്ഷം രൂപയും 50 പവന് സ്വര്‍ണവും ശ്രുതിക്ക് വിവാഹസമയത്ത് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് നിരന്തരം കാര്‍ത്തികിന്റെ അമ്മ വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കുന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കാര്‍ത്തികിന്റെ അമ്മ നിര്‍ബന്ധിച്ചുവെന്നും തിരികെ വീട്ടിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.