ഡോ വി നാരായണന് ഐഎസ്ആർഒ യുടെ പുതിയ ചെയർമാനാകും . ജനുവരി 14 ന് ഐഎസ്ആർഒ മേധാവിയായി ചുമതലയേൽക്കും. നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ നിയമനം. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. രണ്ടുവർഷത്തേക്കാണ് നിയമനം.
1984 ലാണ് ഡോ വി നാരായണന് ഐഎസ്ആര്‍ഒയില്‍ ചേരുന്നത്. റോക്കറ്റ് ആന്‍ഡ് സ്പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് നാരായണന്. വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് അദ്ദേഹം. ജിഎസ്എൽവി സി 25 ക്രയോജനിക് പ്രോജക്ടിന്റെ ഡയറക്ടറായിരുന്നു.
ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്വർണ്ണ മെഡൽ, എൻഡിആർഎഫ് ൽ നിന്ന് ദേശീയ ഡിസൈൻ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാഗർകോവിൽ സ്വദേശിയാണ് നാരായണൻ .
ഡോ. വി നാരായണൻ ഇൻ്റർനാഷണൽ അക്കാദമി ഓഫ് അസ്ട്രോനോട്ടിക്സിലെ അംഗമാണ്. ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ഫെലോ, ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ സ്പേസ് പ്രൊപ്പൽഷൻ കമ്മിറ്റി അംഗം, ഇന്ത്യൻ ക്രയോജനിക് കൗൺസിലിന്റെ ഫെല്ലോ, ഐഎൻഎഇ ഗവേണിംഗ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചു.