മലപ്പുറം: താനൂരിൽ ലഹരിക്കടിമയായ യുവാവ് മോചനം തേടി പോലീസ് സ്റ്റേഷനിൽ. സ്വമേധയാ സ്റ്റേഷനിലെത്തിയ ഇയാൾ ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും പോലീസിനോട് പറഞ്ഞു. തുടർന്ന് താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുവാവിനെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി.
ലഹരി ഉപയോഗം തന്നെ നശിപ്പിച്ചെന്നും കുടുംബത്തിൽ നിന്ന് അകറ്റിയെന്നും യുവാവ് പറഞ്ഞു. തന്റെ ജീവിതം മടുത്തുവെന്നും ഇതിൽ നിന്നും മോചനം ലഭിക്കാൻ സഹായിക്കണം എന്നായിരുന്നു യുവാവിന്റെ ആവശ്യം. ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ അവസാനിപ്പിക്കാൻ ഒരുപാട് നരകിക്കേണ്ടിവരുമെന്നും യുവാവ് പറഞ്ഞു.
അതേസമയം ലഹരിക്കെതിരെ താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തിവരുന്നുണ്ട് ലഹരിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സഹായവും ചെയ്തു കൊടുക്കും എന്നും ഡിവൈഎസ്പി അറിയിച്ചു.