കൊച്ചി: ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അതുൽ ഷാബു ആണ് മരിച്ചത്. എടത്തല മണലിമുക്കിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ എൽഎൽബി വിദ്യാർത്ഥിയാണ് അതുൽ.
മണലിമുക്കിൽ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാവുകയായിരുന്നു.
അതേസമയം ആലുവ മാർത്താണ്ഡവർമ്മപാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയത് കണ്ടതായി പ്രദേശവാസി പോലീസിൽ വിവരം നൽകി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അതുലിന്റെ ബൈക്കും മൊബൈൽ ഫോണും കണ്ടെത്തുകയായിരുന്നു. വീണ്ടും ആലുവ പുഴയിൽ പോലീസ് തിരച്ചിൽ തുടരുകയും പിന്നീട് ഉളിയന്നൂരിലെ സ്കൂബാ ടീം സ്ഥലത്തെത്തി മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു.