ശ്രീനഗർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു- കശ്മീരിൽ നാഷനൽ കോൺഫറൻസും (എൻ.സി) കോൺഗ്രസും തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാൻ സാധ്യത. നിലവിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഇരു പാർട്ടികളും ഒന്നിക്കാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് നേതാക്കളും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിലെത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ്റ് ഫാറൂഖ് അബ്ദുല്ല അടുത്തിടെ പറഞ്ഞിരുന്നു.
എന്നാൽ, കോൺഗ്രസുമായി സഖ്യം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കാൻ പാർട്ടി തയാറാണെന്ന് മകൻ ഉമർ അബ്ദുല്ല വ്യക്തമാക്കിയിരുന്നു. ജമ്മു-കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് തീയതികൾ. വോട്ടുകൾ ഒക്ടോബർ നാലിന് എണ്ണും. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ താഴേത്തട്ടിലുള്ള ഒരുക്കങ്ങളെ കുറിച്ച് പാർട്ടി പ്രവർത്തകരിൽ നിന്ന് രാഹുലും ഖാർഗെയും അഭിപ്രായം തേടും.
ബി.ജെ.പിക്കും അതിന്റെ നയങ്ങൾക്കും എതിരായ ഏത് പാർട്ടിയുമായോ വ്യക്തിയുമായോ കൈകോർക്കാൻ പാർട്ടി തയ്യാറാണെന്ന് ജമ്മു-കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് താരിഖ് ഹമീദ് കരാ പറഞ്ഞു.