കോട്ടയം: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ‘മാത്യു സാമുവല്‍ ഒഫീഷ്യല്‍’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ്.
ഡി.വൈ.എഫ്.ഐ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ചാനലില്‍ ദിവസങ്ങളായി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതും മതസൗഹാർദം തകരാൻ ഉതകുന്നതുമായ വ്യാജപ്രചാരണം സംപ്രേഷണം ചെയ്യുകയാണെന്ന് സംഘടനകള്‍ നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു.