ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി. ഇന്ത്യ സംഖ്യം വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എന്‍.ഡി.എ എന്നും മോദി അവകാശപ്പെട്ടു.
കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ല.
വിജയത്തില്‍ ഉന്മത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഞങ്ങളുടെ മൂല്യം. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം ഞങ്ങള്‍ക്കില്ല, മോദി പറഞ്ഞു.
മത്സരാധിഷ്ഠിതവും സഹകരണത്തിലൂന്നിയതുമായി ഫെഡറലിസത്തിലാണ് തങ്ങളുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മോദി പറഞ്ഞു. പാവപ്പെട്ടവരെയും മധ്യവര്‍ഗത്തെയും ശാക്തീകരിക്കുക എന്നതിനാണ് പ്രാമുഖ്യം. ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും ഉറപ്പുവരുത്തുന്നത് ഇനിയും തുടരും, 24 മണിക്കൂറും ഞാന്‍ രാജ്യത്തിനായി പൂര്‍ണമായും സമര്‍പ്പിക്കുന്നു, മോദി പറഞ്ഞു.
ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി പരിഹസിച്ചു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കിട്ടിയ ആകെ സീറ്റുകളുടെ എണ്ണം ഞങ്ങള്‍ക്ക് ഇത്തവണ കിട്ടിയതിനേക്കാള്‍ കുറവായിരിക്കും. നേരത്തെതന്നെ ഇന്ത്യ സഖ്യം സാവധാനം മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴവര്‍ വളരെ വേഗത്തില്‍ മുങ്ങുകയാണ്, മോദി പറഞ്ഞു.
എന്‍.ഡി.എ എന്നാല്‍ അധികാരത്തിനുവേണ്ടി ഒരുമിച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടികളുടെ സംഘമല്ലെന്നും ‘നേഷന്‍ ഫസ്റ്റ്’ എന്ന ആദര്‍ശത്തില്‍ പ്രതിബദ്ധതയുള്ളവരുടെ ജൈവികമായ സഖ്യമാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ സഖ്യമാണിത്. ഏല്ലാ തീരുമാനങ്ങളിലും ഏകാഭിപ്രായം സാധ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വര്‍ഷമായി എന്‍.ഡി.എ. സഖ്യം ശക്തമായി മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു.
അവര്‍ തുടര്‍ച്ചയായി ഇ.വി.എമ്മിനെതിരേ സംസാരിച്ചുകൊണ്ടിരുന്നു. ജൂണ്‍ നാലിന് ഇതെല്ലാം അവസാനിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഇ.വി.എമ്മിനെക്കുറിച്ച് കേള്‍ക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു, പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ഇത് എന്‍.ഡി.എ.യുടെ മഹാവിജയമാണ് ലോകം വിശ്വസിക്കുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസം എങ്ങിനെയാണ് കടന്നുപോയതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്‍.ഡി.എ. തോറ്റുപോയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്.
പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്തുന്നതിനായി അവര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടി വരുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ഏറ്റവും ശക്തമായ സഖ്യകക്ഷിസര്‍ക്കാര്‍ ഇതായിരിക്കും, മോദി അവകാശപ്പെട്ടു.