ചെന്നൈ: ഭാര്‍ത്താവിന്റെ വിവാഹേതരബന്ധത്തെച്ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. തമിഴ്നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശ(42)നെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്.
തിരുഭുവനത്തെ ബേക്കറിയില്‍ ജോലി ചെയ്യുന്ന സ്ത്രീയുമായി അന്പരശന് അടുപ്പത്തിലായി. സംഭവം അറിഞ്ഞതോടെ കലൈവാണി ഇതേപ്പറ്റി അന്‍പരശനോട് ചോദിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമാകുകയും ചെയ്തു. പിന്നാലെ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് അന്പരശന് മരപ്പണിക്ക് പോയി.
കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീക്കൊപ്പം അന്‍പരശനെ കലൈവാണി വീണ്ടും കണ്ടു. ഇത് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കത്തിനിടയാക്കി. വഴക്ക് കഴിഞ്ഞ് അന്പരശന് ഉറങ്ങിയപ്പോഴാണ് കലൈവാണി ആട്ടുകല്ല് തലയില്‍ ഇട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കലൈവാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷം മുന്‍പായിരുന്നു കലൈവാണിയും അന്‍പരശനും തമ്മില്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.