ഉമാ ദാസ് ഗുപ്ത, അങ്ങനെ പറഞ്ഞാൽ ഒരുപക്ഷെ പെട്ടന്ന് ആളെ മനസിലായെന്ന് വരില്ല. പഥേർ പാഞ്ചാലിയിലെ ദുർഗ, അതായിരിക്കും ഉമാ ദാസ് ഗുപ്തക്ക് സാധരണ പ്രേക്ഷകർക്കിടയിലുള്ള ഐഡന്റിറ്റി. ലെജൻഡ് സിനിമ സംവിധായകൻ സത്യജിത് റേയുടെ ക്ലാസിക് സിനിമ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കൗമാരക്കാരി പെൺകുട്ടി ആയിട്ടാണ് ചലച്ചിത്ര ലോകം ഉമയെ ഓർമ്മിക്കുന്നത്.
പാതയുടെ പാട്ട് അല്ലെങ്കിൽ പഥേർ പാഞ്ചാലി എന്ന സത്യജിത് റേയുടെ ആദ്യ സിനിമയിലേക്കെത്തിപ്പെടുമ്പോൾ അഭിനയമേതും അറിയാത്ത, യാതൊരുവിധ സിനിമ നാടക പാരമ്പര്യവുമില്ലാത്ത പെൺകുട്ടിയായിരുന്നു ഉമാ. ഗ്രാമീണ ജീവിതത്തിലെ കയ്പേറിയ യാഥാർഥ്യങ്ങളെ ആധാരമാക്കിയുള്ള പഥേർ പാഞ്ചാലിയിലെ ലളിതവും ശക്തവുമായ അഭിനയത്തിലൂടെയാണ് ഉമാ പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത്. നിഷ്കളങ്കതയും സന്തോഷവും ദാരിദ്ര്യത്തിൻ്റെ പ്രയാസങ്ങളാൽ കലർന്ന സ്വതന്ത്രമനസ്സുള്ള പെൺകുട്ടിയായ ദുർഗ്ഗയിലേക്കുള്ള ഉമയുടെ വേഷപ്പകർച്ച തന്നെയാണ് ചിത്രത്തിന് ജീവൻ പകർന്നതും. സുബിർ ബാനർജി അവതരിപ്പിച്ച സഹോദരൻ അപുവുമായുള്ള ബന്ധം സിനിമയുടെ വൈകാരി മുഹൂർത്തങ്ങൾക്ക് കരുത്തായി.
സിനിമയുടെ അന്താരാഷ്ട്ര അംഗീകാരത്തിന് ഉമ്മയുടെ പ്രകടനം പകരം വെക്കാനില്ലാത്തതാണ്. പിന്നീട് മുഖ്യധാരാ സിനിമകളിൽ അഭിനയം തുടർന്നില്ലെങ്കിലും ഉമാ ദാസ് ഗുപ്തയെ കാലാതീതമായി അടയാളപ്പെടുത്താൻ പഥേർ പാഞ്ചാലി എന്നൊരൊറ്റ ചിത്രം തന്നെ ധാരാളമായിരുന്നു.
ക്യാൻസറുമായി പോരാടുകയായിരുന്ന നടിയുടെ വിയോഗ വാർത്ത ഇന്ന് ബന്ധുവും നടനും രാഷ്ട്രീയ പ്രവർത്തകനുമായ ചിരഞ്ജീത് ചക്രവർത്തി സ്ഥിരീകരിച്ചു. നവംബർ 18 തിങ്കളാഴ്ച പുലർച്ചെ തന്റെ 83-ാം വയസിൽ ആയിരുന്നു മരണം.