തീപാറുന്ന പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. കല്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തെരെഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റിയിരുന്നു. ഇന്ന് കൊട്ടിക്കലാശവും നാളെ നിശബ്ദ പ്രചാരണവും നടക്കും. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷ കൈവിടാതെ മുന്നണികൾ. പോരാട്ടം ചൂടുപിടിക്കുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി സ്ഥാനാർത്ഥികൾ വോട്ട് തേടും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.
തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഒരുപാട് അപ്രതീക്ഷിത ട്വിസ്റ്റുകൾ നടന്ന മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പിൽ മത്സരിച്ചു ജയിച്ച പാലക്കാട്ടെ സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്താണ് ഇത്തവണ എൽ ഡി എഫിന്റെ പ്രചാരണം നടത്തുന്നത്. സന്ദീപിന്റെ വരവ് തെരെഞ്ഞെടുപ്പിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് പാളയം വ്യക്തമാക്കുന്നുണ്ട്. എന്നാൽ തെരെഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ല എന്ന് ഇടത് സ്ഥാനാർഥി പി സരിൻ പറയുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലപട് മാറ്റിയ സന്ദീപും സരിനും ഒരുപോലെ ആണെന്നാണ് എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാർ വാദിക്കുന്നത്. അവസാന ലാപ്പിൽ ബിജെപി പാളയം വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന സന്ദീപ് വാര്യരെ ചുറ്റിപറ്റിയാണ് ചർച്ചകൾ ഏറെയും.
പല വിവാദങ്ങൾക്കു കാരണമായ തെരെഞ്ഞെടുപ്പിൽ ആര് ജയിക്കും, ജനം ആരുടെ നിൽക്കും എന്ന് കണ്ടറിയണം. പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണവും, പെട്ടി വിവാദവും, കള്ളപ്പണ ആരോപണവും, സ്ഥാനാർഥികളെ ചൊല്ലിയുള്ള ആരോപണവും , പാർട്ടിമാറലും, ഹാൻഡ് ഷേക്ക് വിവാദവും, ആത്മകഥ വിവാദവും, വഖ്ഫ് വിവാദവും, നേതാക്കളുടെ സാന്നിധ്യവും അസാന്നിധ്യവും ചൊല്ലിയുള്ള വിവാദങ്ങളും തുടങ്ങി പാലക്കാട് തെരെഞ്ഞെടുപ്പ് ചർച്ച ചെയ്യാത്ത വിവാദങ്ങൾ ഇല്ലെന്ന് പറയുന്നതാവും ശരി. ഓരോ ദിവസവും ഓരോന്ന് വീതം. കോൺഗ്രസ് അനുഭാവിയായിരുന്ന ഡോ പി സരിൻ പക്ഷം മാറി എൽഡിഎഫ് സ്ഥാനാർത്ഥിയായതു മുതൽ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് മാറിയത് വരെ.
കഴിഞ്ഞ തവണ ഇ ശ്രീധരന് കിട്ടിയ വോട്ടുകൾ ഇത്തവണ ബി ജെ പിക്ക് ലഭിക്കില്ല. ബി ജെ പി കേരളത്തിൽ ജയിച്ചുപോകുമോയെന്ന ആശങ്ക മതന്യൂനപക്ഷങ്ങൾക്ക് ഉണ്ടായിരുന്നതിനാലാണ് പാലക്കാട് അന്ന് ഷാഫി പറമ്പിൽ ജയിച്ചതെന്നും. എന്നാൽ ആ വോട്ടുകൾ ഇത്തവണ രാഹുലിന് കിട്ടാൻ പോകുന്നില്ല എന്ന പ്രതീക്ഷയിലാണ് സി പി ഐ എം.
നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ രാഷ്ട്രീയ സംവാദകൻ എന്ന നിലയിൽ കഴിവ് തെളിയിച്ചിട്ടുള്ളതിനാൽ പ്രസംഗ വൈദഗ്ധ്യവും സംവാദ നൈപുണ്യവും കണക്കിലെടുത്ത് ഷാഫിക്ക് പകരം നിയമസഭയിലെത്താൻ പറ്റിയ ആളെന്ന നിലയിൽ കോൺഗ്രസ് നേതൃത്വം രാഹുലിൽ പ്രതീക്ഷയർപ്പിക്കുന്നു. രാഹുലിന്റെ മതേതര കാഴ്ചപ്പാടുകളും സംഘ വിരുദ്ധ നിലപാടുകളും പാർട്ടിയുടെ വിജയ പ്രതീക്ഷക്ക് കരുത്തേകും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിലാണ് ബി ജെ പി ക്ക് പ്രതീക്ഷയുള്ളത്. തൃശൂരിൽ ബി ജെ പി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ വിജയവും, വഖ്ഫ് വിഷയത്തിലുള്ള പാർട്ടിയുടെ നിലപാടും ജനങ്ങളിൽ ബി. ജെ .പി ചായ്വ് വളർത്തും എന്ന വിശ്വാസത്തിലാണ് പാർട്ടി.
മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. മണ്ഡലത്തിലെ ജനവികാരം ആർക്കൊപ്പം എന്നത് ജയത്തിന്റെ അടിസ്ഥാനഘടകമാണ്. അതറിയാൻ വോട്ടെണ്ണൽ ദിനമായ 23 വരെ കാത്തിരിക്കണം.