‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വാക്ക് നമ്മൾ കേൾക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയൊന്നും ആകുന്നില്ല. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നാലെ നിരവധി ആളുകളാണ് ആശങ്കകളുമായി രംഗത്ത് വരുന്നത്. ശരിക്കും പറഞ്ഞാൽ ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഭവമേ ഇന്ത്യയിൽ ഇല്ല. അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ല. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്. അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ ഓ ടി പി നൽകണമെന്നോ ബാങ്ക് അക്കൗണ്ട് നമ്പർ വേണമെന്നോ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ ഓർത്തോളൂ, അത് തട്ടിപ്പാണ്.
ഒരിക്കലും അതിനു വഴങ്ങരുത്.അഥവാ സാമ്പത്തികത്തട്ടിപ്പിൽ പെട്ടുപോയാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. അന്വേഷണ ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ഓൺലൈനിലൂടെ രംഗത്ത് വരുന്ന തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റൽ അറസ്റ്റിന് വിധേയമാക്കുന്ന ഈ തട്ടിപ്പിൽ കുടുങ്ങിയവർ നിരവധിയാണ്. സിബിഐയെന്നും ഇഡിയെന്നും പോലീസെന്നും ടെലികോം ഏജൻസിയെന്നുമൊക്കെപ്പറഞ്ഞാണ് തട്ടിപ്പ് സംഘം ആളുകളെ സമീപിക്കുന്നത്.