കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യമായി ആരംഭിക്കുക. ഒരു മാസത്തിനകം ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാൽ ഉടൻ മറ്റ് നടപടിക്രമങ്ങൾ പാലിച്ച് കമ്മീഷൻ ചെയ്യുന്നതാണ്.
രണ്ടാം ഘട്ടമായി സ്കിൻ ബാങ്ക് കോട്ടയം മെഡിക്കൽ കോളേജിലാണ് സ്ഥാപിക്കുക. അതിന്റെ ഭാഗമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബേൺസ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. ത്വക്ക് സംഭരിച്ച് ആവശ്യക്കാർക്ക് വച്ചുപിടിപ്പിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് സ്കിൻ ബാങ്കിന്റെ ലക്ഷ്യം. അപകടത്തിലും പൊള്ളലിലും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാകും.