തിരുവനന്തപുരം: പൊളിഞ്ഞ നടപ്പാതയില്‍ തട്ടിവീണ വിദേശവനിതയ്ക്ക് പരിക്ക്. തിരുവനന്തപുരം കോവളത്താണ് സംഭവം. അപകടത്തിൽ ഡെന്മാര്ക്ക് സ്വദേശിയായ അന്നയ്ക്ക് കാലിന് പരിക്കേറ്റു. തീരത്തിന് സമീപത്തെ ബേക്കറിയില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അന്നയ്ക്ക് അപകടമുണ്ടായത്. തുടർന്ന് ലൈഫ്ഗാര്‍ഡും നാട്ടുകാരും ചേർന്ന് അന്നയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുമ്പും ഇവിടെ നടപ്പാതയില്‍ തെന്നിവീണ് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കല്ലുപാകിയ നടപ്പാതയില്‍ ചിലയിടങ്ങളില്‍ അവ പൊട്ടിപ്പൊളിഞ്ഞ് കല്ലുകള്‍ മുകളിലേക്ക് ഉയര്‍ന്ന നിലയിലാണ്. മറ്റുചിലയിടങ്ങളിലാവട്ടെ കല്ലുകള്‍ ഇളകിപ്പോയ വലിയ കുഴികളാണ്. കല്ലില്‍ തട്ടിയോ കുഴിയില്‍ വീണോ അപകടം ഉറപ്പാണ്. അങ്ങനെ നിരവധി അപകടങ്ങളാണ് ഇവിടെ ദിവസവും നടക്കുന്നതെന്ന് കച്ചവടക്കാരും നാട്ടുകാരും പരാതിപ്പെടുന്നു.കോവളത്തെ നടപ്പാതകള്‍ പലയിടങ്ങളിലും പൊട്ടിക്കിടക്കുകയാണ് എന്നും അവ അപകടങ്ങളുണ്ടാക്കുന്നുണ്ട് എന്നും നാട്ടുകാര്‍ നേരത്തേയും പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.