ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം.
ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലൻസിൽവച്ച് ഹൃദയാഘാതം സംഭവിച്ചു. തമീമിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി അറിയിച്ചു. തുടർചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.
ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ തമീം ഇഖ്ബാൽ ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഇഖ്ബാൽ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയിൽ, ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തൻ്റെ തീരുമാനം മാറ്റുകയായിരുന്നു.