വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. കമല ഹാരിസിന് വിജയിക്കാൻ കഴിയുമെന്നും ബരാക് ഒബാമ പറഞ്ഞു.
ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും ഡെമോക്രാറ്റുകൾ പ്രവർത്തനം മെച്ചപ്പെടുത്തിയിട്ടില്ലെന്നും പലതും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ഒബാമ പറഞ്ഞു.
കമല ഹാരിസും ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ടിം വാൾസും തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായ നേതാക്കളാണ്.നമ്മുടെ രോഗികളെ പരിചരിക്കുന്നതിനും തെരുവുകൾ വൃത്തിയാക്കുന്നതിനും ഈ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശ്രദ്ധിക്കുന്ന ഒരു പ്രസിഡന്റിനെ ഞങ്ങൾക്ക് ആവശ്യമാണ്.
മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കുമായി വിലപേശാനുള്ള അവരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത മത്സരമായിരിക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരികയെന്ന് ഒബാമ കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ടിം വാൾസിനെ വാനോളം പുകഴ്ത്താനും ഒബാമ മറന്നില്ല. ഒരു ചെറിയ പട്ടണത്തിൽ ജനിച്ച് രാജ്യത്തെ സേവിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്ത ഒരാൾ രാഷ്ട്രീയത്തിൽ ആയിരിക്കേണ്ട വ്യക്തിയാണെന്ന് ഒബാമ പറഞ്ഞു. നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.