കൊച്ചി: ജില്ലയിലെ അങ്കണവാടിയിൽ നിന്ന് 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. എറണാകുളം പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. ഇതിനെതുടർന്ന് കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് നാട്ടുകാരുടെ ആരോപണം. അതെസമയം അങ്കണവാടിയിലേക്കുള്ള വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്. ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തുകയും വെള്ളത്തിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തു. കുടിവെള്ളത്തിൽ മാലിന്യം കലരുന്നതു മൂലം ജില്ലയിൽ ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും പടരുന്നത് പതിവായിരിക്കുകയാണ്.