തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സംസ്ഥാനത്ത് ഇന്നും സ്വർണവില. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില 60,000 കടന്നിരുന്നു. എന്നാൽ ഇന്ന് വിലയിൽ മാറ്റം വന്നിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമുൾപ്പടെ 65,000 രൂപയ്ക്ക് മുകളിൽ നൽകണം.
നവംബർ മാസത്തിൽ ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ 2536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വർണ്ണവില വീണ്ടും 2750 ഡോളറിലേക്ക് കുത്തനെ ഉയരുകയായിരുന്നു. എല്ലാവർഷങ്ങളിലും നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിനു ഡിമാൻഡ് കൂടാറുണ്ട്. ഇസ്രായേലും ഹമാസും കഴിഞ്ഞ ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തിയതും സ്വർണവില ഉയരാൻ കാരണമായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6205 രൂപയാണ്. അതെസമയം വെള്ളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.