എണ്ണിത്തീർക്കാൻ പറ്റാത്തത്ര ഭീമമായ ഒരു തുക ഗൂഗിളിന് പിഴയായി ചുമത്തി റഷ്യൻ കോടതി. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ സർക്കാരിന്റെ പിന്തുണയുള്ള ചില മാധ്യമ സ്ഥാപനങ്ങളുടെ യൂട്യൂബ് ചാനലുകൾ ഗൂഗിൾ വിലക്കിയതിനെ തുടർന്നാണ് കോടതിയുടെ ഈ നടപടി. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി വിലക്ക് പിൻവലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടും അനുകൂല തീരുമാനമുണ്ടായില്ല.
ഒൻപത് മാസത്തിനുള്ളിൽ ചാനലുകൾ പുനസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ഓരോ ദിവസവും പിഴ ഇരട്ടിക്കുമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിയന്ത്രിത ചാനലുകൾക്ക് ഗൂഗിൾ 2022 മുതലാണ് ആഗോള നിരോധനം ഏർപ്പെടുത്തിയത്.
റഷ്യ – യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയിരത്തിലധികം ചാനലുകളും വീഡിയോകളും നീക്കം ചെയ്ത ഗൂഗിളിന്റെ നടപടി സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ സെൻസർഷിപ്പും അടിച്ചമർത്തലുമാണെന്ന് റഷ്യ വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന റഷ്യയും ഗൂഗിളും തമ്മിലുള്ള നിയമ പോരാട്ടം കാരണം ഗൂഗിൾ റഷ്യയ്ക്കുള്ളിലെ പ്രവർത്തനങ്ങൾ ചുരുക്കിയിരുന്നു.