സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിനു മുൻപിൽ ആശാ വർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അവർ ആരംഭിച്ച നിരാഹാര സമരമാവട്ടെ പത്തു ദിവസം പിന്നിട്ടിരിക്കുന്നു. രാപകൽ സമരം അമ്പതു ദിവസത്തിലെത്തിയ ഇന്ന് മുടി മുറിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ആശാ വർക്കർമാർ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നടക്കുന്ന മുടിമുറിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശാ പ്രവർത്തകർ മുടി മുറിച്ചു പ്രതിഷേധിക്കുമെന്നാണു പറയുന്നത്. സമരത്തോടും ആശാ വർക്കർമാരുടെ ആവശ്യങ്ങളോടും സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന അവസരത്തിലാണു സമരരീതിയിൽ ഇത്തരത്തിലുള്ള മാറ്റമുണ്ടാവുന്നത്.
ഇനിയും ഈ സമരം നീണ്ടുപോവാതിരിക്കാൻ സർക്കാർ ഭാഗത്തുനിന്നുള്ള ഇടപെടൽ ഉണ്ടാവേണ്ടതാണ്. അവർ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്ന് എല്ലാവർക്കും അറിയാം. തുച്ഛമായ പ്രതിഫലം മാത്രം വാങ്ങിയാണ് അവർ സമൂഹത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്നത്. കേന്ദ്രമായാലും സംസ്ഥാനമായാലും അവരുടെ സേവനത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുമാണ്. അതിനുപകരം പരസ്പരം പഴിചാരി ഇരു സർക്കാരുകളും സമയം കളയുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
അനുകൂലമായി പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല സമരം ചെയ്യുന്നവരോടു പ്രതികാര നടപടികൾ സ്വീകരിക്കുക കൂടിയാണു സംസ്ഥാന സർക്കാർ എന്നു സമരാനുകൂലികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ പ്രവർത്തകരുടെ ഓണറേറിയം തടഞ്ഞതുപോലുള്ള നടപടികൾ ഇതിന്റെ ഭാഗമാണ്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുമുണ്ട്. നേരത്തേ, സമരത്തിനു നേതൃത്വം നൽകുന്ന നേതാക്കള്‍ക്കെതിരേ കലാപത്തിനു കേസെടുത്തതു പോലുള്ള നടപടികളുമുണ്ടായിട്ടുണ്ട്.
സിപിഎം സംഘടിപ്പിക്കുന്ന സമരപരിപാടികളിൽ പങ്കെടുത്താൽ യാതൊരു പ്രശ്നവുമില്ല, ഇടതു സർക്കാരിനെതിരായ സമരമാണെങ്കിൽ പ്രതികാര നടപടി സ്വീകരിക്കുമെന്ന നിലപാട് ന്യായീകരണമില്ലാത്തതാണ്. ഇതിനിടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന രണ്ടു ഡസനോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആശാ വർക്കർമാർക്ക് അധിക വേതനം പ്രഖ്യാപിച്ചിരിക്കുകയാണ്. തനത് ഫണ്ടിൽ നിന്ന് ഈ പണം നൽകുമെന്നാണു പറയുന്നത്.
ആയിരം രൂപ മുതൽ ഏഴായിരം രൂപ വരെയുള്ള അധിക സഹായമാണ് തദ്ദേശ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പാണെന്ന് മന്ത്രി എം ബി രാജേഷ് അവകാശപ്പെടുന്നുണ്ട്. ആശമാർക്ക് വേണ്ടി യാതൊന്നും ചെയ്യാത്തവർ എന്തെങ്കിലും ചെയ്യുന്നവരെ ആക്ഷേപിക്കുകയാണ്. ആശാ വർക്കർമാർക്കു കൂടുതൽ പ്രതിഫലം കിട്ടുന്നതു തടയാൻ മന്ത്രിയും സർക്കാരും ശ്രമിക്കുന്നു എന്ന ആരോപണം ശക്തിപ്പെടുത്താനാണ് ഇത്തരം നിലപാടുകൾ വഴിവയ്ക്കുക.
പല തദ്ദേശ സ്ഥാപനങ്ങളിൽ പല വേതനം എന്നതു നീതിയുക്തമല്ലെന്നു ചൂണ്ടിക്കാണിച്ച് സർക്കാർ തനതു ഫണ്ടിൽ നിന്നുള്ള സഹായം തടഞ്ഞാൽ പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി അതു മാറ്റുമെന്നുറപ്പാണ്. ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കണമെങ്കിൽ സർക്കാർ തന്നെ ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുകയാണു വേണ്ടത്.
ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാർ സമരം തുടങ്ങിയത്. ഓണറേറിയമായി ഇപ്പോൾ ലഭിക്കുന്നത് 7,000 രൂപ മാത്രമാണ്. അതു തീർത്തും നിസാരം എന്ന് ആരോടും പ്രത്യേകം പറയേണ്ടതില്ല. കേരളത്തിലെ വളരെയേറെ വർധിച്ച ജീവിതച്ചെലവു കണക്കാക്കുമ്പോൾ ഈ തുക ഒന്നിനും തികയില്ല.
മൂന്നുമാസത്തെ കുടിശിക നൽകണം എന്ന ആവശ്യവും ആശാ വർക്കർമാർ ഉന്നയിച്ചിരുന്നു. അതിപ്പോൾ സർക്കാർ തീർത്തു കഴിഞ്ഞിട്ടുണ്ട്. പിഎസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വർധിപ്പിക്കുന്നതു പോലുള്ള വൻകിട ശമ്പള വർധനകൾക്കു യാതൊരു മടിയും കാണിക്കാത്ത സർക്കാർ തന്നെയാണു നിസാര പ്രതിഫലം വാങ്ങുന്ന ആശാ വർക്കർമാരോടു മുഖം തിരിഞ്ഞു നിൽക്കുന്നത് എന്നതു വിരോധാഭാസമാണ്.
ജീവിച്ചുപോകാനുള്ള വകയുണ്ടാക്കാൻ വേണ്ടിയാണ് ആശാ വർക്കർമാർ സമരം ചെയ്യുന്നതെന്ന് സർക്കാർ വിസ്മരിക്കരുത്. ആശാ വർക്കർമാരുടെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കാണെന്ന നിലപാടാണ് കേന്ദ്ര സർക്കാർ ഈ ദിവസങ്ങളിൽ ഉന്നയിച്ചിട്ടുള്ളത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേരളത്തിന് ഈ സാമ്പത്തിക വർഷം 1,350 കോടി രൂപ അനുവദിച്ചുവെന്നും കേന്ദ്രം പറയുന്നു. അതല്ലാതെ ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി പ്രത്യേക ഫണ്ട് സംസ്ഥാനങ്ങൾക്കു നൽകുന്നില്ലത്രേ.
ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ മൊത്തത്തിൽ അനുവദിക്കുന്ന ഫണ്ടിൽ നിന്ന് ആശാ വർക്കർമാരുടെ ഓണറേറിയവും നൽകണമെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് പാർലമെന്റിൽ പറഞ്ഞത്. അതേസമയം കേന്ദ്രം നൽകേണ്ട വിഹിതം കുടിശിക വരുത്തുന്നു എന്നതാണു സംസ്ഥാന സർക്കാർ നിലപാട്.
ആശാ വർക്കർമാരുടെ ഇൻസെന്റീവ് കൂട്ടാൻ കേന്ദ്രം തയാറാവുന്നില്ല. കേന്ദ്രത്തിനെതിരേ നടത്തേണ്ട സമരമാണ് സംസ്ഥാനത്തിനെതിരേ നടത്തുന്നത് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന സർക്കാർ. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നതിനപ്പുറം സാധാരണക്കാരായ ആശമാർക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.