ശിവജി റാവു ഗെയ്ക്വാദ് 1950 ഡിസംബർ 12 ന് ബെംഗളൂരുവിലെ ഒരു മറാത്തി കുടുംബത്തിൽ ജനനം. ചെറുപ്പം തൊട്ടേ സിനിമാ പ്രേമിയായ അയാൾ 1970-കളുടെ തുടക്കത്തിൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിനായി മദ്രാസിലേക്ക് വണ്ടികയറി. മദ്രാസിലേക്ക് മാറുന്നതിന് മുമ്പ് ഒരു ബസ് കണ്ടക്ടറായി ജോലി ചെയ്തു.
1975 ലാണ് ശിവജി റാവു ഗെയ്ക്വാദ് ചലച്ചിത്ര മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ ശിവജി റാവു രജനികാന്ത് ആയി. ആദ്യമാദ്യം സപ്പോർട്ടിംഗ് റോളുകൾ ചെയ്തുകൊണ്ടാണ് താരം തന്റെ അഭിനയ യാത്ര ആരംഭിക്കുന്നത് എങ്കിലും അദ്ദേഹത്തിൻ്റെ അഴകും സ്റ്റൈലും അന്ന് തൊട്ടേ സിനിമ ഇൻഡസ്ട്രി ശ്രദ്ധിച്ചു.
എം ഭാസ്കർ സംവിധാനം ചെയ്ത ഭൈരവിയാണ് രജനികാന്തിനെ സോളോ ഹീറോ ആക്കിയ ആദ്യ തമിഴ് ചിത്രം. ഭൈരവി എന്ന ചിത്രം രജനീകാന്തിൻ്റെ കരിയറിൻ്റെ വഴിത്തിരിവ് തന്നെ മാറ്റിമറിച്ചു. പിന്നീട് വെറും രജനികാന്തിൽ നിന്ന് സൂപ്പർ സ്റ്റാർ രജനികാന്തിലേക്കുള്ള പരിണാമം ആയിരുന്നു.

കരിയറിൻ്റെ ഒരു ഘട്ടത്തിൽ പെട്ടെന്ന് അഭിനയം നിർത്താൻ തീരുമാനിച്ചെങ്കിലും റീമേക്ക് ചിത്രമായ ബില്ലയിലൂടെ രജനികാന്ത് തിരിച്ചു വരവ് നടത്തി. ഇരട്ട വേഷങ്ങൾ കൈകാര്യം ചെയ്ത ബില്ല രജനികാന്തിൻ്റെ ആദ്യ സോളോ ഹിറ്റായി മാറി വാണിജ്യ വിജയമായി. ബില്ലയുടെ വിജയം രജനികാന്തിനെ തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളക്കി.
മഹാഭാരത കഥയെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണം എന്ന മണിരത്നത്തിൻ്റെ ആഗ്രഹത്തിന്റെ സഫലീകരണമാണ് ദളപതി. അതുവരെ സൈഡ് റോളുകളിലും, വില്ലൻ വേഷങ്ങളിലും കൂടെ കടന്ന് വന്ന് ആക്ഷൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രജനികാന്തിന്റെ കരിയർ ബ്രേക്ക് ചിത്രമായിരുന്നു ദളപതി. രജനീകാന്തിന് വെറും ആക്ഷൻ – സ്റ്റൈൽ ഹീറോയിൽ നിന്ന് മുക്തിയും ജനനായകൻ എന്ന പരിവേഷവും ലഭിച്ച ക്ലാസിക് ചിത്രം.
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും ശൈലി, കരിസ്മാറ്റിക് സ്ക്രീൻ പ്രസൻസ്, സമാനതകളില്ലാത്ത ഡയലോഗ് ഡെലിവറി എന്നിവ കൊണ്ടും രജനികാന്ത് ഒരു ബ്രാൻഡ് ആയ മാറുന്ന കാഴ്ചയാണ് പിന്നീട് സിനിമ ലോകം കണ്ടത്.

ഒരു ബസ് കണ്ടക്ടറിൽ നിന്ന് ഒരു നടനായി മാറുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. കാരണം ഒരു നായകന് അന്ന് സിനിമ ലോകം കൽപ്പിച്ചു നൽകിയ ശരീര സൗന്ദര്യമോ, നിറമോ ഇല്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം.
കഴിവും കഠിനാധ്വാനവും കൊണ്ട് പടുതെടുത്ത തൻ്റെ 50 വർഷത്തെ സിനിമ ജീവിതത്തിന് പദ്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവ നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചു.
അതിലുപരി സാധാരണക്കാരന്റെ പ്രതിരൂപമെന്ന് തോന്നും വിധം ആരാധകരിലേക്ക് തന്നെ സ്വയം എത്തിച്ചു നൽകി താരം. ഇതുവരെ അഞ്ചിലധികം ഭാഷകളിലായി 170-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ലോകമെമ്പാടും ആരാധകരെ നേടി. തലൈവർ ആയി. ഇന്ന് പ്രിയ താരത്തിന് 74 ാം ജന്മദിനം.