കോട്ടയം: ചാനൽ ചർച്ചയ്ക്കിടയിൽ ഉണ്ടായ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് ജോർജിന്റെ അഭിഭാഷകർ വ്യക്തമാക്കി. നാല് തവണ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചതിന് പിന്നാലെയാണ് ഇന്ന് കോടതി കേസ് വീണ്ടും പരിഗണിച്ചത്.
മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തിരുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി സി ജോർജ് ഇവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞിരുന്നു. ഈ പരാമർശമാണ് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചത്.