കോട്ടയം: ഗാന്ധിനഗര്‍ നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ സസ്പെന്‍ഷനില്‍ ഒതുക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തനിക്ക് കണ്ടുനില്‍ക്കാനായില്ലെന്നും മനസാക്ഷിയെ ഞെട്ടിക്കുന്നതും അതിക്രൂരവുമായ സംഭവമാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.നഴ്സിങ് കോളേജ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡിഎംഇയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ റാഗിങ് സംബന്ധിച്ച് പരാതിപ്പെട്ടില്ല എന്ന കോളേജ് അധികൃതരുടെ വിശദീകരണവും അംഗീകരിക്കാനാവില്ല. ക്യാമറകള്‍ അടക്കം ഹോസ്റ്റലില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ അവിടെ എന്ത് നടക്കുന്നു എന്നുള്ളത് മനസിലാക്കാനാവും. ഫസ്റ്റ് ഇയര്‍ കുട്ടികള്‍ പഠിക്കുന്ന ഇടങ്ങളില്‍ റാഗിങ് നടക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. റാഗിങ് നിയമപരമായി നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ അത് തടയാന്‍ എന്ത് നടപടിയാണ് കോളേജ് സ്വീകരിച്ചതെന്ന് എന്ന് പരിശോധിക്കും – മന്ത്രി പറഞ്ഞു.ഇന്ന് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘം കോളേജ് സന്ദര്‍ശിച്ചിട്ടുണ്ടാവുമെന്നും പരമാവധി സ്വീകരിക്കാവുന്ന നടപടികള്‍ സ്വീകരിക്കുമെന്നും, കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികള്‍ സസ്പെന്‍ഷനില്‍ മാത്രം തീരില്ലെന്നും മന്ത്രി വ്യക്തമാക്കി.