തിരുവനന്തപുരം: തന്റെ വാക്കുകള്‍ തെറ്റായി വളച്ചൊടിക്കരുതെന്ന് ഹോക്കി താരം പിആര്‍ ശ്രീജേഷ്. താന്‍ ഹോക്കി അസോസിയേഷനെതിരെയല്ല സംസാരിച്ചെതെന്നാണ് താരത്തിന്റെ പ്രതികരണം. കേരള ഹോക്കിയെ സ്നേഹിക്കുന്നുവെന്ന് നടിച്ച് ചിലര്‍ എതിരെ നില്‍ക്കുന്നുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. കേരള ഹോക്കി അസോസിയേഷനൊപ്പം താനും സഹകരിക്കുന്നുണ്ട്. ഇതിന് തുരങ്കം വയ്ക്കുന്നവരെയാണ് വിമര്‍ശിച്ചത്. അസോസിയേഷനില്‍ ഉള്ളവര്‍ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ പരാമര്‍ശം. ഇത് വിവാദമായതോടെയാണ് ശ്രീജേഷ് വിശദീകരണവുമായി രംഗത്തെത്തിയത്.
നാട്ടില്‍ തിരിച്ചെത്തിയ ശ്രീജേഷിന് സ്വീകരണം നല്കാന് തീരുമാനിക്കുകയും പിന്നീട് അത് മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താരം നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ”കേരളത്തില്‍ അസ്ട്രോ ടര്‍ഫ് തുടങ്ങുന്നത് അസാധ്യമായ കാര്യമാണ്. അസോസിയേഷനില്‍ ഉള്ളവര്‍ ഹോക്കിക്കായി പരിശ്രമിക്കണം. താന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ല. തന്റെ പേരിലുള്ള സ്റ്റേഡിയം വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണ്. ശ്രീജേഷ് വരാത്തതു കൊണ്ടല്ല ഇത്രയും നാളും ഒരു അസ്ട്രോ ടര്‍ഫ് വരാത്തത്. അതിനുവേണ്ടി ആരും പരിശ്രമിച്ചില്ല. എപ്പോഴും കൂടെ നില്ക്കാന് താന്‍ ഒരുക്കമാണ്. പക്ഷെ അത് ശ്രീജേഷിന്റെ മാത്രം ചുമതല ആണെന്ന് പറയരുതെന്നുമായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.