റാഞ്ചി: ജാര്‍ഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ഡികെ ശിവകുമാര്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഉദയനിധി സ്റ്റാലിന് തുടങ്ങിയ ഇന്ത്യാസഖ്യ നേതാക്കള്‍ നിറഞ്ഞ വേദിയിലായിരുന്നു സത്യപ്രതിജ്ഞ.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. സ്വന്തം മണ്ഡലമായ ബര്‍ഹെയ്ത്തില്‍ 39,790 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ സോറന്റെ വിജയം. 49 വയസിനിടെ നാലാം തവണയാണ് ജെഎംഎം അധ്യക്ഷന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ജാര്‍ഖണ്ഡില്‍ ഒരു മുന്നണിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുന്നത് ചരിത്രത്തിലാദ്യം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 56 ഉം നേടിയാണ് ഇന്ത്യാസഖ്യം ഭരണം നിലനിര്‍ത്തിയത്. ജെഎംഎം 34 സീറ്റുകളോടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയപ്പോള്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസ് 16 ഉം ആര്‍ജെഡി നാലും സിപിഐഎംഎല്‍ രണ്ടും സീറ്റുകള്‍ നേടി. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് വെറും 24 സീറ്റുകളാണ് ലഭിച്ചത്.