കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് നൽകി. ജസ്റ്റിസ് ബെച്ചു കുര്യന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത് . പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.
ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദത്തെ ഹൈക്കോടതി തള്ളി. പൊലീസ് നടപടികളിൽ പിഴവ് ഉണ്ടായെന്ന് കോടതി ചൂണ്ടി കാട്ടി, മാത്രമല്ല വീഡിയോകളും ഓഡിയോ ക്ലിപ്പ്കളും പരിശോധിച്ചില്ലയെന്നും ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു എം നോയല്‍ നല്കിയ ഹർജിയിലാണ് വിധി പറഞ്ഞത്. ഈ വിഷയം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രി സജി ചെറിയാൻ 2022 ജൂലൈ മാസം മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗമാണ് വിവാദമായത്.
കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ഭരണഘടനയിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം.
പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.