തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ ഹഡിൽ ഗ്ലോബലിന് കോവളത്ത് ഇന്ന് തുടക്കമാകും. ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പിണിത്. ഈ ത്രിദിന സമ്മേളനം വൈകിട്ട് നാലിന് കോവളം ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സെഷന് മുമ്പായി സ്റ്റാർട്ടപ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും. ഹഡിൽ ഗ്ലോബൽ 2024 ന്റെ ഭാഗമായി കൃഷി, ബഹിരാകാശ പ്രതിരോധം, ബഹിരാകാശം, വ്യവസായ മേഖല എന്നിവയിലെ പുത്തൻ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട മൂന്ന് റൗണ്ട് ടേബിൾ ചർച്ചകൾ നടക്കും.
വ്യവസായ മന്ത്രി പി രാജീവ് വ്യവസായത്തെക്കുറിച്ചുള്ള വട്ടമേശ സമ്മേളനം നയിക്കുകയും കേരളത്തിൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന വ്യവസായ, കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുള്ള സേവനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.
നവജാത ശിശുവിന് ഗുരുതര വൈകല്യം ; ഡോക്ടർമാർക്ക് എതിരെ പൊലീസ് കേസെടുത്തു
കേരളത്തിന്റെ കരുത്തുറ്റ സ്റ്റാർട്ടപ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകൾക്ക് ഹഡിൽ ഗ്ലോബൽ വഴിയൊരുക്കും.
നിക്ഷേപകർ, ഗുണഭോക്താക്കൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ശനിയാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ വട്ടമേശ സമ്മേളനം നടത്തും. സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക വനിതാ മേഖല അവതരിപ്പിക്കുന്ന പരിപാടിയിൽ 300 ഓളം വനിതാ സംരംഭകർ പങ്കെടുക്കും.
കഴിഞ്ഞ ദിവസം ഹഡിൽ ഗ്ലോബൽ 2024 ന്റെ വിവരങ്ങൾ ലഭ്യമാകുന്ന ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയിരുന്നു . പ്രദർശനത്തിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളെ കുറിച്ചും അവരുടെ ഉൽപന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാകും.