പത്തനംതിട്ട: മണ്ഡലകാല പൂജക്ക് നട തുറന്ന ശേഷം ശബരിമലയിലേക്ക് വൻ തീർഥാടക പ്രവാഹം. ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം പേരാണ് ഇത്തവണ ശബരിമലയിൽ എത്തിയത്. 77,026 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.
സ്പോട്ട് ബുക്കിങ്ങിലൂടെ ഏറ്റവും അധികം തീർഥാടകർ ദർശനം നടത്തിയതും ഇന്നലെയായിരുന്നു. 9254 പേരാണ് ഇന്നലെ സ്പോട്ട് ബുക്കിംഗ് മുഖേന ദർശനം നടത്തിയത്. വൃശ്ചികം ഒന്നിന് മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ 3,17,923 പേരാണ് ദർശനം നടത്തിയത്.
തീർത്ഥാടകരുടെ എണ്ണം മുൻ വർഷത്തേക്കാൾ കൂടിയെങ്കിലും നട തുറന്നിരിക്കുന്ന സമയം വർധിപ്പിച്ചതും പടി കയറ്റുന്നതിൽ പൊലീസിന്റെ ജാഗ്രതയും സുഗമമായ ദർശനത്തിന് വഴിയൊരുക്കുന്നുണ്ട്. അപ്പം,അരവണ കൗണ്ടറുകൾക്ക് മുമ്പിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.