തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ (24) യുടെ ആത്മഹത്യയിൽ സുഹൃത്ത് സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ കുടുംബം വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ലെന്നും ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തിന്റെ മാതാപിതാക്കൾ ശ്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഗർഭഛിദ്രം നടത്തിയതായി പോലീസിൽ നിന്ന് അറിഞ്ഞെന്നും കുടുംബം പറഞ്ഞു.
സംഭവത്തിൽ മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. യുവതിയുടെ ആത്മഹത്യക്കു പിന്നാലെ ഒളിവിൽ പോയ യുവാവിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മരിച്ച യുവതിയും താനുമായി പ്രണയത്തിലായിരുന്നെന്നും കുടുംബങ്ങൾ തമ്മിൽ വിവാഹാലോചന നടത്തിയിരുന്നെന്നും ഹർജിയിലുണ്ട്. യുവതി മരിച്ചതോടെ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ യുവതിയുടെ കുടുംബം തനിക്കെതിരെ പോലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് ജാമ്യത്തിനായി കോടതിയെ സമീപ്പിക്കുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.
എന്നാൽ സുകാന്ത് ചൂഷണം ചെയ്തതിന് കൂടുതല്‍ തെളിവുകളുണ്ട് എന്ന് പിതാവ് മധുസൂദനന് ആരോപിച്ചു. മരിക്കുമ്പോൾ മേഘയുടെ ബാങ്ക് അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. മേഘ ട്രെയിനിനു മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് ഇയാളോടായിരുന്നെന്നും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു മേഘയെന്ന് സുഹൃത്തുക്കൾ വഴി അറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.