ചെന്നൈ : തമിഴ് നടൻ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴക’(ടി.വി.കെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം 4 മണിക്ക്. വിജയ്ക്കും പാര്‍ട്ടിക്കും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ആദ്യ സമ്മേളനത്തിന് വിക്രവാണ്ടിയിൽ വമ്പൻ വേദിയാണ് ഒരുങ്ങിയിരിക്കുന്നത്.
രണ്ടു ലക്ഷത്തോളം പേരാണ് സമ്മേലനത്തിൽ പങ്കെടുക്കുക. തമിഴ് പൈതൃകത്തോടും സാമൂഹിക നീതിയോടുമുള്ള പ്രതീകാത്മക പ്രതിബദ്ധതയുടെ സൂചകമായി ബി.ആർ. അംബേദ്കർ, പെരിയാർ, അന്തരിച്ച മുൻ മുഖ്യമന്ത്രി കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലൈ അമ്മാൾ തുടങ്ങിയവരുടെ വൻ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്.
വിജയ്ക്ക് വേദിയിലെത്താനും പുറത്തേക്ക് പോകാനും പ്രത്യേക വഴിയുണ്ടാകും. സമ്മേളന നഗരിയിൽ 100 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് വിജയ് പാർട്ടി പതാക ഉയർത്തുക. സ്വകാര്യഭൂമിയിലെ സമ്മേളന നഗരിയിൽ അഞ്ചുവർഷത്തേക്ക് കൊടിമരം നിലനിർത്തുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
2026 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും മറ്റു രാഷ്ട്രീയ കക്ഷികളോടുള്ള സമീപനവും സമ്മേളനത്തിൽ വിജയ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.