ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ദര്‍ശനം അനുവദിക്കാനുളള തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് സുരേന്ദ്രന് പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. വെര്‍ച്വല്‍ ക്യൂ മാത്രമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ലയെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കഴിഞ്ഞ മണ്ഡലകാലത്ത് വലിയ രീതിയിലുളള ഭക്തജനത്തിരക്ക് കാരണം ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് എല്ലാവര്ക്കും സാധിച്ചില്ല. ഇത് പരിഗണിച്ചാണ് ഇത്തവണ വെര്‍ച്വല്‍ ക്യൂ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വെര്‍ച്വല്‍ ക്യൂ വരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് കൂടി കണക്കിലെടുത്ത് ഭക്തരുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
എന്നാല്‍ ദര്‍ശനത്തിന് വരുന്നവരെ നിരാശരാക്കില്ലയെന്നും സ്പോര്‍ട്ട് ബുക്കിങ് വഴി ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി പമ്പയില്‍ സൗകര്യം ഒരുക്കാനാണ് നീക്കം.