തിരുവനന്തപുരം: അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനം രാജിവെച്ച് ആശാവർക്കർമാർ സമരമിരിക്കുന്ന പന്തലിലെത്തി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരത്തിന്റെ ഭാഗമാകണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. ആശാസമരത്തിന് എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് സമീപമുള്ള സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശാ സമരം തീർക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ന്യായമായ ആവശ്യങ്ങളാണ് സമരക്കാർ ഉയർത്തുന്നത്. വനിത കൂടിയായ വീണാ ജോർജിന് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് യാതൊന്നും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വനിതാ പോരാളികൾക്കൊപ്പം പോരാട്ടത്തിന് ഇറങ്ങുകയാണ് ചെയ്യേണ്ടത്. കോവിഡ് പോലെയുള്ള പ്രതിസന്ധി കാലഘട്ടങ്ങൾ കൈകാര്യം ചെയ്തവരെ അന്ന് തുടർഭരണത്തിനു വേണ്ടി ഉപയോഗിച്ച സർക്കാർ ഇപ്പോൾ അവരെ കറിവേപ്പില ആക്കിയിരിക്കുകയാണ്.

സമരത്തോട് സർക്കാരും സർക്കാരിനെ നയിക്കുന്ന സിപിഎമ്മും തുടരെത്തുടരെ വിരുദ്ധമായ സമീപനം സ്വീകരിക്കുന്നുവെന്ന് മാത്രമല്ല, സമരം ഇരിക്കുന്ന ആശാപ്രവർത്തകരെ അധിക്ഷേപിക്കുക കൂടിയാണ്. തൊഴിലാളി സ്നേഹവും സംരക്ഷണവും മേനി പറയുന്നവരുടെ തനിനിറം ഇപ്പോൾ പ്രകടമായിരിക്കുകയാണ്. ആശാസമരം തീർത്തും ന്യായമായ സമരം ആണെന്നും സമരം പരിഹരിക്കുന്നതിന് സർക്കാർ നേതൃത്വം നൽകിയില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് എൻസിപി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുർവേദ കോളേജ് പരിസരത്തു നിന്നും പ്രകടനമായി എത്തിയാണ് എൻസിപി സംസ്ഥാന നേതൃത്വം ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ജബ്ബാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സൈഫുദ്ദീൻ, ഷാജി തെങ്ങുംപിള്ളിൽ, കെ കെ ശംസുദ്ദീൻ, നേതാക്കളായ അഡ്വ. രവീന്ദ്രൻ പള്ളിപ്പാട്, ജെബി പ്രകാശ്, രാജ്കുമാർ കരകുളം, കല്ലറ മോഹൻ ദാസ്, എൻവൈസി സംസ്ഥാന പ്രസിഡന്റ് സി കെ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.