ബംഗളൂരു : കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ. അനധികൃത ഇരുമ്പയിര് കടത്തുകേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുപിന്നാലെ സി.ബി.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലിൽ സജീവമായി രംഗത്തുണ്ടായിരുന്ന സ്ഥലം എം.എൽ.എ ആയിരുന്നു സതീഷ് കൃഷ്ണ സെയിൽ. കാർവാർ ബെലകെരി തുറമുഖംവഴി 11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സതീഷ് കൃഷ്ണ സെയിൽ അടക്കം ഏഴുപേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യംചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെ വിധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
കേസിൽ ഇന്ന് വിധി പറയാനിരിക്കെ, ഉച്ചക്ക് 12.30നു മുൻപ് സതീഷ് സെയിലിനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സി.ബി.ഐയോട് സ്പെഷൽ കോടതി ജഡ്ജ് ജസ്റ്റിസ് സന്തോഷ് ഗജാനനൻ ഉത്തരവിട്ടത്. എം.എൽ.എ അടക്കമുള്ള പ്രതികളെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. പ്രതികളെ ഇന്ന് ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കും.
2010ലാണ് കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. ബെള്ളാരിയിൽനിന്നുള്ള ഇരുമ്പയിര് കാർവാറിലെ തുറമുഖം വഴി അനധികൃതമായി കയറ്റുമതി ചെയ്തതായി ലോകായുക്ത ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ കണ്ടെത്തുകയായിരുന്നു. അഴിമതി തടയൽ നിയമപ്രകാരം വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.