പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തിന്റെ സുരക്ഷാ ക്രമീകരണത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തി. അതെസമയം ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ.
പൂർണ മദ്യനിരോധിത മേഖലയായ ശബരിമല സന്നിധാനത്തിലേക്ക് വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
സന്നിധാനം എൻഎസ്എസ് ബിൽഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. ഇന്ന് വൈകിട്ട് ജോലി ചെയ്യുന്ന ശാസ്താ ഹോട്ടലിനു സമീപത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.