മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. 4കെ ദൃശ്യമികവോടെ മണിച്ചിത്രത്താഴ് ടീസര്‍ ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റര്ടൈന്മെന്റ്സും ചേര്‍ന്ന് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും.
1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, തിലകന്, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പന്‍ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.
കാലാതീതമായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസില് റീമാസ്റ്റര്‍ ചെയ്തു ചിത്രം വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മലയാള സിനിമാ പ്രേമികള്‍ക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആവുമെന്ന് തീര്‍ച്ചയാണ്.
മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകന് ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയില്‍ ആപ്തമിത്ര, സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.