ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ കുഞ്ഞിന്റെ മാതാവിന് ആദ്യ മൂന്നുമാസം നല്കിയ പ്രസവചികിത്സ തൃപ്തികരമല്ലെന്നു കണ്ടെത്തി. അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതില്‍ രണ്ടു ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നും കണ്ടെത്തൽ.
സംഭവത്തിൽ ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കു നല്കുന്ന ചികിത്സയും പരിശോധനയും ശക്തിപ്പെടുത്താനും രോഗികളുമായുള്ള ആശയവിനിമയം കൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്.
അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് തപാല്‍ വഴി മറുപടി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി. ആദ്യമൂന്നുമാസം ചികിത്സ തൃപ്തികരമായിരുന്നില്ലെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസ ചികിത്സ മെച്ചപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികൾക്കാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയിലായിരുന്നു. കാലിനും കൈക്കും വളവുണ്ട്.