കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും ഇന്ത്യ വിജയക്കൊടി പാറിച്ചു. വെറും ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു.
പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. സ്കോര്‍ ബംഗ്ലാദേശ് 233, 146, ഇന്ത്യ 285-9, 98-3.
95 റണ്‍സ് വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ച് തുടങ്ങാനാണ് പദ്ധതിയിട്ടതെങ്കിലും മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മെഹ്ദി ഹസനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ക്യാച്ച് നല്കി മടങ്ങി.
ശുഭ്മാന്‍ ഗില്‍(6), യശസ്വി ജയ്സ്വാള്‍(51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തും(4), വിരാട് കോലിയും(29) പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.