ഒട്ടാവ: നയതന്ത്ര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയെ സൈബർ ഭീഷണി രാജ്യ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികൾ ആരംഭിച്ചതായും സൂചനയുണ്ട്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കനേഡിയൻ സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൈബർ എതിരാളികളുടെ പട്ടികയിൽ ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നിവക്ക് പുറമെയാണ് ഇന്ത്യയെ സൈബർ ഭീഷണി രാജ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പുതിയ അധികാര കേന്ദ്രമാകാൻ ആഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കാനഡക്കെതിരെ സൈബർ പ്രോഗ്രാമുകൾ നിർമിക്കുന്നു എന്നും ഇന്ത്യൻ ഗവണ്മെന്റ് സ്പോൺസർ ചെയ്യുന്ന ചാരന്മാർ കാനഡക്ക് സൈബർ ഭീഷണി ആയേക്കാം എന്നും വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം അമിത് ഷാക്ക് എതിരെ കനേഡിയൻ മന്ത്രി ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഖാലിസ്ഥാൻ വിഘടന വാദികളെ കാനഡയിൽ വെച്ച് വധിക്കാനുള്ള ഗൂഢാലോചന അമിത് ഷായുടെത് ആയിരുന്നു എന്നാണ് കനേഡിയൻ മന്ത്രിയുടെ ആരോപണം.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള കാനഡയുടെ ഈ ശ്രമത്തിനെ ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വിമർശിച്ചു. തുടർന്ന് കനേഡിയൻ ഹൈ കമ്മിഷൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇത് സംബന്ധിച്ച നയതന്ത്ര കുറിപ്പും കൈമാറി.